Wednesday, March 6, 2013

Blind Spot Driving - അന്ധമേഘല



ഈ വീഡിയോയില്‍ അപകടം എങ്ങിനെ സംഭവിച്ചു?

നിങ്ങള്‍ ലോറി ഡ്രൈവര്‍ ആണെന്നു വിചാരിക്കുക. കാബിനില്‍ സ്റ്റീയറിങ്ങിനു പിന്നില്‍ ഇരിക്കുന്ന നിങ്ങള്‍ക്കു് ഇടതു വശം പുറകില്‍ കൂടി വരുന്ന സ്ക്കൂട്ടറുകാരിയെ കാണാന്‍ സാധിക്കില്ല. ഇടതു വശത്തു നിന്നും ലോറിയുടെ തൊട്ടു മുന്നിലായി കയറി വരുമ്പോഴും നിങ്ങള്‍ക്കു് സ്ക്കൂട്ടര്‍ വരുന്നതു് കാണാന്‍ സാധിക്കില്ല. മുന്നില്‍ കേറിയ സ്ക്കൂട്ടറുകാരിക്കു് ലോറിയേക്കാള്‍ സ്പീഡു് കുറവാകുമ്പോള്‍ ഇടിക്കുമെന്നതു് ഉറപ്പാണു്. ഇടിച്ചു കഴിഞ്ഞാലും ഇടിയുടെ ശബ്ദം അല്ലാതെ എന്താ സംഭിവിച്ചതെന്നു് ലോറി ഡ്രൈവര്‍ക്കു് കാണാന്‍ സാധിക്കില്ല. സ്ക്കൂട്ടര്‍ കണ്ണില്‍ പെടാതെ അപസ്വരം കേള്‍ക്കുമ്പോള്‍ ഡ്രൈവര്‍ എന്താണു് ധരിക്കുക? ഇതാണു് ഡ്രൈവറുടെ അന്ധമേഘലയില്‍ വണ്ടി ഓടിക്കരുതെന്നു് പറയുന്നതു്.

ഇന്ത്യാമഹാരാജ്യത്തു് ഒരു റോഡപകടം ഉണ്ടാകുമ്പോള്‍ അതു് ഉണ്ടാവാന്‍ കാരണം എന്താണെന്നു് ആരും തിരക്കുകയോ ആലോചിക്കുകയോ ചെയ്യാറില്ല. അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഏതു് വാഹനമാണോ വലുതു് ആ വാഹനത്തിനെ ആണു് എപ്പോഴും കുറ്റം ഏല്‍ക്കേണ്ടി വരിക. പോലീസിന്റെ എഫു് ഐ ആര്‍ പരിശോധിച്ചാല്‍ എല്ലാത്തിലും എപ്പോഴും ഒരേ വാചകം തന്നെ ആവര്‍ത്തിച്ചാവും "റോഡില്‍ ഉള്ള മറ്റു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും അപകടം ഉണ്ടാവും വിധം വളരെ അശ്രദ്ധമായി വണ്ടി ഓടിച്ചതില്‍ വച്ചു്"

മുകളില്‍ കാണുന്ന വീ‌ഡിയോയില്‍ കുറ്റം തികച്ചും ചെറിയ വാഹനമായി സ്ക്കൂട്ടര്‍ ഓടിച്ച ആളിന്റെയല്ലേ?

1. ഏറ്റവും പ്രധാനം സ്ക്കൂട്ടര്‍ ഓടിക്കുന്ന ആള്‍ ഹെല്‍മെറ്റു് ധരിച്ചിട്ടില്ല എന്നതു് തന്നെ.

2. ലോറിക്കാരന്റെ ബ്ലൈണ്ടു് സ്പോട്ടിലാണു് സ്ക്കൂട്ടര്‍ മുഴുവന്‍ സമയവും - തുടക്കത്തില്‍ ഇടതു വശത്തും പിന്നീടു് ലോറിയുടെ തൊട്ടു മുന്നില്‍ ഡാഷ്ബോര്‍ഡു് മറയായു് വരുന്ന ഭാഗത്തും.

3. ഇടതു് വശത്തു കൂടി ഓവര്‍ റ്റേക്കിംഗു്.

4. ഇടുതു് വശത്തു കൂടി വന്നു് ലോറിയുടെ മുന്നില്‍ക്കൂടി വലത്തോട്ടു് തിരിക്കുവാനുള്ള ശ്രമം.

5. ലോറിയേക്കാള്‍ വൈഗത കുറച്ചുള്ള ഓടിക്കല്‍.

സ്ക്കൂട്ടര്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതു് -

1. മറ്റു വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ദൃഷ്ടി പതിയുന്ന സ്ഥലത്തു മാത്രം വണ്ടി നിലനിര്‍ത്തി ഓടിക്കുക.

2. ജംങ്ഷനുകളില്‍ ഓവര്‍റ്റേക്കിംഗു് ഒഴിവാക്കുക.

3. ഇടതു വശത്തു കൂടി ഓവര്‍റ്റേക്കിംഗു് ഒഴിവാക്കുക.

4. വലത്തോട്ടു് തിരിയാന്‍ ആണു് ഉദ്ദേശിക്കുന്നതെങ്കില്‍ ട്രാഫിക്കു് സിഗ്നലില്‍ എത്തുന്നതിനു് മുമ്പേ തിരിയാനുള്ള ഇണ്ടിക്കേറ്റര്‍ ഇട്ടു് മുമ്പേ പോകുന്ന ലോറി പോകാന്‍ അനുവദിച്ചിട്ടു് അതിന്റെ പുറകില്‍ക്കൂടി വലതു് വശത്തെ ലെയിനിലേക്കു് കേറി സ്ക്കൂട്ടര്‍ കൊണ്ടു വന്നു നിര്‍ത്തി വലതോട്ടു് തിരിയുവാന്‍ ഉള്ള പച്ച സിഗ്നലിനായി കാത്തു കിടന്നു് മാത്രം വണ്ടി വലത്തോട്ടു് എടുത്തു് തിരിക്കുക.

ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ അപകടം ഒഴിവാക്കാമായിരുന്നു.


.