Saturday, January 26, 2013

ചോദ്യോത്തരങ്ങള്‍

01. ഹെല്‍മെറ്റു് ഉപയോഗിക്കുന്നതുകൊണ്ടു് ആര്‍ക്കെന്തു പ്രയോജനം?

ചെരുപ്പുപയോഗിക്കുന്നതു് കൊണ്ടാര്‍ക്കാണു് പ്രയോജനം? ഉപയോഗിക്കുന്ന ആള്‍ക്കും വില്‍ക്കുന്ന ആള്‍ക്കും ടാക്സു് ലഭിക്കുന്ന സര്‍ക്കാരിനും ചെരുപ്പുതൊഴിലാളികള്‍ക്കും റബര്‍കര്‍ഷകര്‍ക്കും ഇടനിലക്കാര്‍ക്കും മറ്റും മറ്റും.

ഇതു് തന്നെയാണു് ഹെല്‍മറ്റിന്റെയും കാര്യം. മറ്റുള്ളവര്‍ക്കു് ലാഭം കിട്ടുന്നു എന്നു മനസ്സിലാക്കുന്നതു് കൊണ്ടു് നിങ്ങള്‍ പാദരക്ഷ ഇടാതെ നടക്കുമോ?


02. ഹെല്‍മെറ്റു് ഉപയോഗം എന്തിനു നിയമപരമായി നിര്‍ബന്ധമാക്കണം?

സ്വന്തം പാദം സംരക്ഷിക്കാന്‍ പാദരക്ഷ ഉപയോഗിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ടോ? പാദരക്ഷ ഉപയോഗിക്കേണ്ടതു് സ്വന്തം ആവശ്യം ആണു്. അതു് ഉപയോഗിച്ചില്ലെങ്കില്‍ തനിക്കല്ലാതെ മറ്റുള്ളവര്‍ക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ ഹെല്‍മെറ്റിന്റെ കാര്യം അങ്ങനെ അല്ല. അതു് ഉപയോഗിക്കാതിരുന്നിട്ടു് തലയ്ക്കു് പരുക്കു പറ്റി കയ്യും കാലും അനക്കാന്‍ ആവാതെ കിടപ്പില്‍ ആയാല്‍ നിങ്ങളെ സംരക്ഷിക്കേണ്ട ചുമതല ആര്‍ക്കാണു്? നിങ്ങളുടെ അശ്രദ്ധകൊണ്ടു് ബുദ്ധിമുട്ടുന്നതു് അന്യരല്ലേ? അവരെന്തു പിഴച്ചു? നിങ്ങളെ സ്നേഹിക്കുന്നവരുടെ ബുദ്ധിമുട്ടു് ഒന്നാലോചിച്ചു നോക്കൂ. നിങ്ങളുടെ കാര്യം സര്‍ക്കാര്‍ നോക്കണം എന്നു് നിങ്ങളുടെ ബന്ധുക്കള്‍ ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാരിനും ഇന്‍ഷുറന്‍സു് കമ്പനികള്‍ക്കും നിങ്ങള്‍ ഒരു ബാദ്ധ്യത ആവുകയല്ലേ? മറ്റുള്ളവര്‍ക്കു് ബുദ്ധിമുട്ടുണ്ടാവാതിരിക്കാനും സ്വന്തം കാര്യങ്ങള്‍ സംരക്ഷിക്കപ്പെടാനും സ്വയം ചെയ്യേണ്ട കാര്യങ്ങള്‍ സ്വയം ചെയ്യാതെ വരുമ്പോള്‍, അതു മൂലം മറ്റുള്ളവര്‍ക്കു് ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ മാത്രമാണു് അതു് നിയമം ഉപയോഗിച്ചു് നടപ്പിലാക്കേണ്ടിവരുന്നതു്. നിങ്ങള്‍ അതു് സ്വയം മനസ്സിലാക്കിയാല്‍ നിയമത്തിന്റെ ആവശ്യം ഇല്ല തന്നെ.


03. ഹെല്‍മെറ്റു് ഉപയോഗിത്താവരെ ശിക്ഷിക്കേണ്ട കാര്യമുണ്ടോ?

മറ്റുള്ളവര്‍ക്കു് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ എന്തു ചെയ്യണം?


04. നിയമം കര്‍ശ്ശനമാക്കേണ്ട കാര്യമുണ്ടോ?

മനുഷ്യന്‍ ഒരു സമൂഹജീവിയാണു്. നിങ്ങള്‍ക്കു് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ വേറെ ഒരു മനുഷ്യനു് സ്വാതന്ത്ര്യം നിങ്ങള്‍ കൊടുക്കുമോ?

അവനവനാത്മസുഖത്തിനാചരിക്കുന്നവ -
യപരനു സുഖത്തിനായിവരേണം.

അതു് നടക്കാതെ വരുമ്പോള്‍ മാത്രമാണു് നിയമത്തിന്റെ ആവശ്യം വരുന്നതു്.


05. ഹെല്‍മെറ്റു് ഉപയോഗിക്കാതിരിക്കാന്‍ എനിക്കു് സ്വാതന്ത്ര്യം ഇല്ലേ?

ഉണ്ടു്. നിങ്ങളുടെ സ്വന്തം പറമ്പില്‍!! ആണു് വണ്ടി ഓടിക്കുന്നതെങ്കില്‍..
പക്ഷെ പൊതുനിരത്തില്‍ മറ്റു് വാഹനങ്ങള്‍ ഉള്ളപ്പോള്‍ കാര്യത്തിന്റെ ഗൗരവം മാറും.


06. "എന്റെ തല. ഞാന്‍ സൂക്ഷിച്ചുകൊള്ളാം!

നല്ലതു്. പക്ഷെ.... നിങ്ങള്‍ക്കു് അപകടം സംഭവിക്കാതിരിക്കണമെങ്കില്‍ നിങ്ങള്‍ മാത്രം സൂക്ഷിച്ചാല്‍ പോര. പൊതു നിരത്തില്‍ മറ്റു വാഹനങ്ങളും ഓടുന്നുണ്ടെന്നോര്‍ക്കുക. സ്വന്തം പറമ്പില്‍ അല്ലല്ലോ നിങ്ങള്‍ വണ്ടി ഓടിക്കുന്നതു്.

ഹെല്‍മെറ്റു് ധരിക്കാതെ, എത്ര സൂക്ഷിച്ചാലും സംഭവിക്കാവുന്ന അപകടത്തില്‍ പെട്ടു തലയ്ക്കു് പരുക്കു പറ്റി വര്‍ഷങ്ങളോളം ജീവിക്കാതെ ജീവിക്കുമ്പോള്‍ നിങ്ങളെ ആരു് സംരക്ഷിക്കും? കൈകാല്‍ അനക്കാന്‍ ആവാതെ കിടക്കുന്ന നിങ്ങള്‍ തന്നെത്താന്‍ ശുശ്രൂഷിക്കുമോ? അതോ നിങ്ങളെ സ്നേഹിക്കുന്നവര്‍ ബുദ്ധിമുട്ടട്ടേ എന്നോ? പരാശ്രയം കണ്ടുകൊണ്ടു് കിടന്നു സന്തോഷിക്കാന്‍ നിങ്ങള്‍ക്കാവുമോ?

നിങ്ങളെ ആശ്രയിച്ചു് ജീവിക്കുന്നവര്‍ എത്ര പേരുണ്ടു്. നിങ്ങളെ സ്നേഹിക്കുന്നവര്‍ എത്ര പേരുണ്ടു്. നിങ്ങള്‍ക്കു് ജീവഹാനി സംഭവിച്ചാല്‍ അവരെ എല്ലാം നിത്യദുഃഖത്തില്‍ ആഴ്ത്താനും മാത്രം ദ്രോഹം അവര്‍ നിങ്ങളോടെന്തു ചെയ്തു?


07. ഹെല്‍മെറ്റു് ധരിച്ചുകൊണ്ടു് വണ്ടി ഓടിക്കാന്‍ പ്രയാസമാണു്!

എന്തിനു ഹെല്‍മെറ്റിനെ മാത്രം പറയുന്നു. ജീവിതത്തില്‍ പ്രയാസമില്ലാത്ത ഒരു പ്രവര്‍ത്തി പറയാമോ?


08. ഹെല്‍മെറ്റു് ധിരിക്കുമ്പോള്‍ ഈര്‍ച്ച തോന്നുന്നു!

തുടക്കം എപ്പോഴും മുദ്ധിമുട്ടാണു്. പുരുഷന്മാര്‍ ജീന്‍സും സ്ത്രീകള്‍ സാരിയും ആദ്യമായി ഉപയോഗിച്ചപ്പോള്‍ എത്ര ദിവസം നിങ്ങള്‍ക്കു് ഈര്‍ച്ച തോന്നിയിരുന്നു. അതു കാരണം അവ ഉപയോഗിക്കാതെ ഇരുന്നിട്ടുണ്ടോ?


09. "അധികാരവര്‍ഗ്ഗത്തിനു് പണം ഉണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗമാണു് ഹെല്‍മെറ്റു് നിയമം"

ആണോ?


10. "ഹെല്‍മെറ്റു് വില്‍ക്കുന്ന കമ്പനികള്‍ക്കു് ലാഭം ഉണ്ടാക്കാനാണു് നിയമം കര്‍ശനമാക്കുന്നതു് "

നിയമം എന്നതു് നിയമം മാത്രമല്ലേ. അതില്‍ കര്‍ശ്ശനമുള്ളതും കര്‍ശ്ശനമില്ലാത്തതും എന്നൊരു വേര്‍തിരിവുണ്ടോ?


11. "ഹെല്‍മെറ്റു് ഉപയോഗിക്കുന്നവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തുന്നതു് ശരിയാണോ"

ശരി അല്ലെന്നു തന്നെ പറയേണ്ടിവരും. പകരം നമ്പര്‍ നോട്ടു് ചെയ്തു് കേസു് ചാര്‍ജ്ജു് ചെയ്യുകയാണു് വേണ്ടതു്. കോടതി നോട്ടീസു് വീട്ടില്‍ കിട്ടുമ്പോഴേ പിടിക്കപ്പെട്ടു എന്നു് ഹെല്‍മെറ്റു് ഉപയോഗിക്കാതെ റ്റൂവീലറന്‍ ഓടിച്ചവന്‍ അറിയാവൂ.


12. "പാവപ്പെട്ടവന്റെ വാഹനമായ ഹെല്‍മെറ്റു് ഉപയോഗിക്കുന്നവര്‍ ഇനി ഹെല്‍മെറ്റിനും കൂടി കാശു മുടക്കണോ?"

വാഹനം ഓടിക്കുന്നവര്‍ പെട്രോള്‍ അടിക്കാനും വണ്ടി നന്നാക്കാനും ഇന്‍ഷുറന്‍സിനും മറ്റും കാശു മുടക്കുന്നില്ലേ? വണ്ടി വില്‍ക്കുന്നവര്‍ വണ്ടിയോടൊപ്പം ഹെല്‍മെറ്റു് തന്നാല്‍ നിങ്ങള്‍ അതു് ഉപയോഗിക്കുമോ?


13. ശരീരത്തിലെ മറ്റു് അവയവങ്ങള്‍ക്കു് മാരകമായ പരുക്കു് പറ്റിയാല്‍ ഹെല്‍മെറ്റു് ഒരാളെ മരണത്തില്‍ നിന്നും രക്ഷിക്കുമോ?

ഹെല്‍മെറ്റു് ഉപയോഗിക്കാതിരിക്കാന്‍ കാരണങ്ങള്‍ ചികഞ്ഞെടുക്കുന്നവര്‍ പലപ്പോഴും പറയുന്ന ന്യായീകരണങ്ങളില്‍ ഒന്നാണിതു്. അതിനു് മറുചോദ്യം "ഒരു കോണ്‍ക്രീറ്റു് കെട്ടിടത്തില്‍ താമസിച്ചാല്‍ ഉല്‍ക്കയില്‍ നിന്നും രക്ഷപെടുവാന്‍ സാധിക്കുമോ? " എന്നാണു്.

ഒരു റോഡപകടത്തില്‍ ശരീരത്തിന്റെ ഏതു ഭാഗത്തിനും പരുക്കു് പറ്റാം. അങ്ങിനെ മരണം സംഭവിക്കാം. മോട്ടോര്‍സൈക്കിള്‍ ഓടിക്കുന്നവന്‍ വണ്ടിയില്‍ നിന്നും തെറിച്ചു റോഡില്‍ വീണാല്‍ പരുക്കു് പറ്റാന്‍ കൂടുതല്‍ സാദ്ധ്യയുള്ള ശരീരഭാഗം തലയാണു്. തൊലിപ്പുറം പോറല്‍ മുതല്‍ തലയോട്ടിയ്ക്കു് ഫ്രാക്‍ചറും അതിന്നടിയിലെ തലച്ചോറിനു് ക്ഷതവും സംഭവിക്കാം. അങ്ങിനെ സംഭവിച്ചാല്‍ മരണം സംഭവിക്കാതെ കൈകാലുകള്‍ തളര്‍ന്നു് വര്‍ഷങ്ങളോളം കിടപ്പിലാകാന്‍ ഉള്ള സാധ്യതയില്‍ നിന്നും ഹെല്‍മെറ്റു് സംരക്ഷണം നല്‍കും. ഹെല്‍മെറ്റിനു കേടു വന്നാല്‍ പോലും മിക്കപ്പോഴും അതു് ധരിച്ചവന്‍ പരുക്കുകള്‍ ഉണ്ടാകാതെ കിടപ്പിലാകാതെ രക്ഷപെടും.

പക്ഷെ ഒരു വലിയ വണ്ടിയുടെ വീലിന്നടിയില്‍ ഹെല്‍മെറ്റുപയോഗിക്കുന്ന ആളിന്റെ തല പെട്ടാല്‍ രക്ഷപെടാനുള്ള സാദ്ധ്യതകള്‍ കുറവാണു്.


14. ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ശരീരഭാഗങ്ങള്‍ക്കു് മൊത്തം സംരക്ഷണം നല്‍കേണ്ടേ?

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നതു് മത്സരത്തിനാണെങ്കില്‍ അതു് വേണ്ടിവരും.


16. ധാരാളം തരം വാഹനങ്ങള്‍ നിരത്തില്‍ ഓടുമ്പോള്‍ ഇരുചക്രവാഹനയാത്രക്കാര്‍ക്കു മാത്രം എന്തേ സംരക്ഷണം നിഷ്ക്കര്‍ഷിക്കുന്നതു്?

മറ്റു വാഹനങ്ങള്‍ അപകടത്തില്‍ പെടുമ്പോള്‍ യാത്രക്കാര്‍ വാഹനത്തിനുള്ളില്‍ കൂറച്ചുകൂടി സുരക്ഷിതര്‍ ആയതിനാലാണു് അവര്‍ക്കു് ഹെല്‍മെറ്റു് നിര്‍ബന്ധമാക്കാത്തതു്. വാഹനം അപകടത്തില്‍ പെടുമ്പോള്‍ തെറിച്ചു് പോകാതിരിക്കാന്‍ സീറ്റു്ബെല്‍റ്റും കൂടി ഉപയോഗിക്കുമ്പോള്‍ ഒരു പരിധി വരെ അവര്‍ സുരക്ഷിതരാണു്.

17. ശരീരത്തിന്റെ ഏതു ഭാഗത്തിനും പരുക്കു പറ്റാം എന്നിരിക്കേ ഹെല്‍മെറ്റു് മാത്രം എന്താ നിര്‍ബന്ധമാക്കുന്നതു്?

കൈകാലുകള്‍ക്കു് പരുക്കു് പറ്റിയാല്‍ ഒരു പരിധിവരെ ചികിത്സിച്ചു് ഭേദപ്പെടുത്താം. ഉടലിനാണു് പരുക്കു് പറ്റുന്നതെങ്കില്‍ രക്ഷപെടുത്താന്‍ കുറച്ചു കൂടി ബുദ്ധിമുട്ടാണു്. എന്നാല്‍ തലയ്ക്കാണു് പരുക്കു് പറ്റുന്നതെങ്കില്‍ ചിലപ്പോള്‍ മരണം സംഭവിക്കുകയും ഇല്ല തലച്ചോറിനുണ്ടാകുന്ന കേടുപാടുകള്‍ ചികിത്സിച്ചു് ഭേദപ്പെടുത്താന്‍ സാധിക്കുകയും ഇല്ല. കാരണം തലച്ചോറിലെ കോശങ്ങള്‍ നശിച്ചു പോയാല്‍ അവയ്ക്കു് പുനര്‍ജീവനപ്രക്രിയ ഇല്ല എന്നതു് തന്നെ. ശരീരത്തിന്റെ ഒരു വശം എന്നെന്നേക്കുമായി ചലിപ്പിക്കാനാവാതെ വളരെ അധികം നാള്‍ ജീവന്‍ വീടാതെ മലമൂത്രവിസര്‍ജ്ജനം പോലും ബുദ്ധിമുട്ടാക്കിക്കൊണ്ടു് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സര്‍ക്കാരിനും ഒരു തീരാബാധ്യതയായുള്ള ഒരു മനുഷ്യന്റെ ശയ്യാഅവലംബം അവനും അവനെ ശുശ്രൂഷിക്കുന്നവര്‍ക്കും ദുഷ്ക്കരമാകും.

18. അപകടത്തില്‍ പെട്ടു് കട്ടിലില്‍ നിന്നും അനങ്ങാന്‍ ആവാതെ കിടക്കുന്ന ആളിനെ സംരക്ഷിക്കേണ്ടതു് ഇടിച്ച വണ്ടിയുടെ ഉടമസ്ഥനും ഇന്‍ഷുറന്‍സു് കമ്പനിക്കും സര്‍ക്കാരിനും കോടതിക്കും അല്ലേ?

തീര്‍ച്ചയായും അതെ. നിങ്ങള്‍ അങ്ങോട്ടു് ചെന്നിടിച്ചാലും അവര്‍ ഇങ്ങോട്ടു് വന്നിടിച്ചാലും അപകടം പറ്റിയ ആളിനെ സംരക്ഷിക്കേണ്ട ചുമതല ഇടിച്ച വണ്ടിയുടെ ഉടമസ്ഥനും ഓടിച്ച ആളിനും ഇന്‍ഷുറന്‍സു് കമ്പനിയ്ക്കും സര്‍ക്കാരിനും തന്നെ. ഇരുചക്രവാഹനം ഓടിക്കുന്ന നിങ്ങള്‍ ഹെല്‍മെറ്റു് ഉപയോഗിക്കണം അന്നു് നിര്‍ബന്ധമായി പറയാനുള്ള അവകാശം അവര്‍ക്കു് നല്‍കുന്നതും ഇതേ കാരണം തന്നെയാണു്.

19.

No comments:

Post a Comment