Friday, February 22, 2013

അപകടം എങ്ങനെ ഒഴിവാക്കാം


ഇരുചക്രവാഹനം ഓടിക്കുന്നതു് ഒരു ലഹരിയായി കരുതരുതു്. നാല്‍ചക്രവാഹനങ്ങള്‍ക്കുള്ള വാഹനത്തിന്റെ കവചം ഇല്ലാതെ വണ്ടി ഓടിക്കുമ്പോള്‍ പരുക്കുപറ്റാനുള്ള സാദ്ധ്യത ഏറെയാണു്. ഒരിക്കല്‍ പാളിത്തുടങ്ങിയാല്‍ ഇരുചക്രവാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ആവില്ല. എത്ര സൂക്ഷിച്ചാലും വാസ്തവത്തില്‍ അപകടം ഉണ്ടാകാം. കാരണം, നിങ്ങള്‍ മാത്രമല്ല റോഡില്‍ വണ്ടി ഓടിക്കുന്നതു്. അതു കൊണ്ടു് നിങ്ങള്‍ മാത്രം സൂക്ഷിച്ചതു് കൊണ്ടു് അപകടം ഉണ്ടാവില്ല.

മറ്റുള്ളവരുടെ കാര്യം വിടു്. ഒരു ഇരുചക്രവാഹനം ഓടിക്കാന്‍ നിങ്ങള്‍ യോഗ്യനാണോ എന്നാദ്യം പരിശോധിക്കുക. ഒരപകടം സംഭവിച്ചാല്‍ കൊലക്കുറ്റത്തില്‍ നിന്നും രക്ഷപെടാന്‍ മാത്രമേ ഡ്രൈവിംഗു് ലൈസന്‍സു് ഉപകരിക്കുകയുള്ളു. ബൈക്കു് ഓടിക്കുന്നതിനു മുമ്പായി നല്ല പരിശീലനവും നിയന്ത്രണവും ഉണ്ടെന്നു് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വണ്ടി ഓടിക്കുക.

സ്വന്തം വാഹനത്തിന്റെ ആരോഗ്യം ആദ്യം ഉറപ്പു് വരുത്തുക. സമയാസമയങ്ങളില്‍ ബ്രേക്കും റ്റയറും എന്‍ജിനും ഹെഡു്  ലൈറ്റും റ്റെയില്‍ ലൈറ്റും ഇന്‍ഡിക്കേറ്ററും ഹോര്‍ണും മറ്റും നല്ല കണ്ടിഷനില്‍ ആണെന്നു് ഉറപ്പു് വരുത്തുക.

വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റു് ധരിക്കുക. നിയമപാലകരെ പേടിക്കാനല്ല മറിച്ചു് സ്വയരക്ഷയ്ക്കാണു് ഹെല്‍മെറ്റു് ധരിക്കേണ്ടതു്. പെട്രോള്‍ റ്റാങ്കിന്റെ മുകളിലും ഹാണ്ടില്‍ ബാറിലും വയ്ക്കാനുള്ളതല്ല ഹെല്‍മെറ്റു്. അങ്ങനെ വച്ചാല്‍ അതു് തെറിച്ചു പോവാന്‍ സാധ്യതയുണ്ടു്. റോഡില്‍ തെറിച്ചു വീണ അതിനെ ഒഴിവാക്കാന്‍ മറ്റു വാഹനങ്ങള്‍ പെട്ടെന്നു് തിരിക്കുകയും അതു വഴി സ്വയം അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യും.

വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ മുഴുവന്‍ സമയവും റോഡിലും സിഗ്നലുകളിലും മറ്റു വാഹനങ്ങളിലും മാറി മാറി തന്നെയായിരിക്കണം. അതിനു് നല്ല കാഴ്ചശക്തിയും കേള്‍വിശക്തിയും ഉണ്ടായിരിക്കണം. മുമ്പേ നീണ്ടു കിടക്കുന്ന വഴിയില്‍ തടസ്സങ്ങളൊന്നും ഇല്ല എന്നുറപ്പു വരുത്തുക. മുമ്പില്‍ മാര്‍ഗ്ഗതടസ്സങ്ങള്‍ വരുന്ന വേളയില്‍ വേഗത കുറച്ചു് നിര്‍ത്തേണ്ടി വന്നാല്‍ നിര്‍ത്തുക. മുന്നില്‍ തടസ്സങ്ങള്‍ ഉണ്ടെന്ന വിവരം മറ്റു വാഹനങ്ങളെ അറിയിക്കാന്‍ ഡിസ്ട്രസ്സു് സിഗ്നല്‍ ഉപയോഗിക്കാവുന്നതാണു്.

കാലാവസ്ഥയ്ക്കനുസരിച്ചു് റോഡിന്റെ സ്ഥിതി തന്നെ അപകടങ്ങള്‍ വിളിച്ചു വരുത്തും. മഴക്കാലത്തു് ഗ്രീസും ഓയിലും വെള്ളവും ചേര്‍ന്നും, വേനല്‍കാലത്തു് റോഡില്‍ ഇളകിക്കിടക്കുന്ന മണ്ണു കാരണവും തെന്നി വീഴാനുള്ള സാദ്ധ്യത ഏറെയാണു്. പോരാത്തതിനു് മഴ പെയ്തു കൊണ്ടിരിക്കുമ്പോള്‍ കാഴ്ചയും ശരിയാവില്ല.

മുമ്പേ പോകുന്ന വാഹനത്തിനു് തൊട്ടു് പിന്നാലെ മുട്ടിമുട്ടിയില്ല എന്ന മട്ടില്‍ വണ്ടി ഓടിക്കരുതു്.
എന്തെങ്കിലും കാരണവശാല്‍ മുമ്പേ പോകുന്ന വാഹനം പെട്ടെന്നു് ബ്രേക്കു് ചെയ്യേണ്ടി വന്നാലും പ്രതീക്ഷിക്കാതെ അതിന്റെ റ്റയര്‍ പൊട്ടിയാലും പെട്ടെന്നു തിരിയുകയോ ചെയ്താലും പുറകെ വരുന്ന ഇരുചക്രവാനം അപകടത്തിലാകാനുള്ള സാദ്ധ്യത കൂടുതലാണു്. മുമ്പേ പോകുന്ന വാഹനത്തില്‍ നിന്നും ബ്രേക്കിംഗു് ദൂരം നിലനിര്‍ത്തിക്കൊണ്ടു വണ്ടി ഓടിക്കുക.
നിങ്ങളുടെ പുറകെ വരുന്ന ആളും ഇതു് ചെയ്യാതിരിക്കാന്‍ അവന്‍ ഓവര്‍റ്റേക്കു് ചെയ്യാന്‍ അനുവദിക്കുക. വേഗത കൂടുന്നതിനനുസരിച്ചു് ഈ ദൂരം കൂടുതല്‍ പാലിക്കേണ്ടതുണ്ടു്. മറ്റു വാഹനങ്ങളുമായി സൈഡിലും അകലം സൂക്ഷിക്കുക, പ്രത്യേകിച്ചും വേഗത കൂടുമ്പോള്‍....

മറ്റു വാഹനങ്ങള്‍ക്കു് കാണാന്‍ സാധിക്കാത്ത അന്ധമേഘലകളില്‍ വണ്ടി ഓടിക്കുന്നതു് ഒഴിവാക്കുക. ഉദാഹരണം: മുമ്പേ പോകുന്ന വണ്ടിയുടെ ഇടതു വശം പുറകിലായി, വലതു വശം ചേര്‍ന്നു്, വലിയ വാഹനങ്ങളുടെ തൊട്ടു പിന്നാലെ.

ട്രാഫിക്കു് ലൈറ്റു് ചുവപ്പില്‍ നിന്നും പച്ചയിലേക്കു് മാറുന്നതു് വരെ വണ്ടി ഓടിക്കുന്നതു് ഒഴിവാക്കുക. മഞ്ഞ എന്നതു് തയ്യാറെടുക്കാന്‍ വേണ്ടിയാണെങ്കിലും ഈ സമയത്തു് ചിലപ്പോള്‍ മറ്റൊരാള്‍ ധൃതി പിടിച്ചു് വണ്ടി ഓടിച്ചുവന്നുവെന്നിരിക്കും എന്നതിനാല്‍ അപകട സാദ്ധ്യതയുണ്ടു്. ട്രാഫിക്കു് സിഗ്നലും പോലിസിന്റെ സിഗ്നലും മറ്റു വണ്ടിക്കാര്‍ നല്‍ക്കുന്ന സിഗ്നലും ശ്രദ്ധിച്ചു് അവ മാനിച്ചു് വണ്ടി ഓടിക്കുക. വളവുകളിലും ജംഗ്ഷനുകളിലും എത്തുമ്പോള്‍ വണ്ടി വേഗത കുറച്ചു് മറ്റു് വണ്ടിക്കാരെ ശ്രദ്ധിച്ചു് വണ്ടി ഓടിക്കുക.

ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോള്‍ ശരിയായ സിഗ്നല്‍ കാണിച്ചു് മറ്റു വണ്ടിക്കാര്‍ അതു് കണ്ടു എന്നുറപ്പു് വരുത്തി മാത്രം വണ്ടി തിരിക്കുക. തിരിക്കുമ്പോള്‍ റോഡിന്റെ ഇടതു വശം ചേര്‍ന്നു് വലതു പകുതിയിലേക്കു് കയറാതെ ഇടതു വശം പാലിച്ചു് വണ്ടി തിരിക്കുക. റോഡിന്റെ ഒരു പകുതിക്കു് മാത്രമേ അവകാശമുള്ളു എന്നും മറ്റെ പകുതി എതിര്‍ ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്കുള്ളതാണെന്നും ഓര്‍ത്തു് ഇടതു പകുതിയില്‍ മാത്രം വണ്ടി ഓടിക്കുക. ഏതു് നിമിഷവും മറ്റു വണ്ടിക്കാര്‍ നിയമം തെറ്റിച്ചു് വണ്ടി ഓടിക്കുവാന്‍ സാദ്ധ്യതയുണ്ടു്. പെട്ടെന്നുള്ള തിരിക്കലും ബ്രേക്കു് ഇടലും ഒഴിവാക്കുക.

മറ്റു വണ്ടിക്കാര്‍ ഓടിക്കുന്നതു് ശ്രദ്ധിച്ചു് വണ്ടി ഓടിക്കുക. നിങ്ങള്‍ക്കുള്ള അത്രയും അവകാശങ്ങള്‍ മറ്റു വണ്ടിക്കാര്‍ക്കും ഉണ്ടെന്നു് ഓര്‍ത്തു് മറ്റു വണ്ടിക്കാര്‍ക്കു് വണ്ടി ഓടിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കി വണ്ടി ഓടിക്കുക.

റോഡില്‍ ശ്രദ്ധവിടാതിരിക്കുവാന്‍ സംസാരവും, മൊബൈല്‍ ഫോണ്‍ ഉപയോഗവും ഒഴിവാക്കുക. അവ ഉപയോഗിക്കുന്നതിനേക്കാള്‍ അത്യാവശ്യം റോഡില്‍ ശ്രദ്ധിക്കകയാണു് വേണ്ടതു്. അത്യാവശ്യം ഫോണില്‍ സംസാരിക്കണമെങ്കില്‍ വേഗത കുറച്ചു് സൗകര്യപൂര്‍വ്വം വണ്ടി നിറുത്തിയതിനു ശേഷം മാത്രം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക.

പ്രവചനബുദ്ധിയോടു കൂടി വണ്ടി ഓടിക്കുക. അപകടം ഉണ്ടാവാന്‍ അധികം സമയം ആവശ്യമില്ല.

വാഹനം വേഗത കുറച്ചു് ഓടിക്കേണ്ട സന്ദര്‍ഭങ്ങള്‍ -

വാഹനത്തിനു് കേടുപാടുകള്‍ ഉള്ളപ്പോള്‍
വളരെ അധികം വാഹനങ്ങള്‍ റോഡില്‍ ഉള്ളപ്പോള്‍
മറ്റു വാഹനങ്ങള്‍ മെല്ലെ ഓടുമ്പോള്‍
റോഡിലെ അവസ്ഥ അനുയോജ്യമല്ലാത്തപ്പോള്‍ - മുക്കുകള്‍, വളവുകള്‍, കുണ്ടും കുഴികളും, കയറ്റവും ഇറക്കവും, പാലം, റോഡു് പണി, സ്ക്കൂളുകള്‍, വേഗതനിയന്ത്രണ സിഗ്നലുകളില്‍, ബസു്സ്റ്റോപ്പുകള്‍
മഴ പെയ്യുമ്പോള്‍.
എതിരെ വരുന്ന വാഹനങ്ങള്‍ ഓവര്‍റ്റൈക്കു് ചെയ്തുവരുമ്പോള്‍

വാഹനം നിറുത്തിയിടേണ്ട സന്ദര്‍ഭങ്ങള്‍

ട്രാഫിക്കു് സിഗ്നല്‍ ചുവപ്പിലും മഞ്ഞയിലും കാണിക്കുമ്പോള്‍
റോഡിലേക്കു് അടുത്തുള്ള ഗ്രൗണ്ടില്‍ നിന്നും പന്തു വന്നാല്‍
റ്റയറില്‍ കാറ്റു് കുറവാണെങ്കില്‍
റോഡു് ബ്ലോക്കായി മുമ്പേ പോകുന്ന വാഹനങ്ങള്‍ നിറുത്തി ഇട്ടിരിക്കുകയാണെങ്കില്‍

പാര്‍ക്കിംഗു്

പാര്‍ക്കിംഗു് സ്ഥലത്തേക്കു് വണ്ടി നിര്‍ത്തുമ്പോള്‍ ധൃതി പിടിക്കാതിരിക്കുക.

മുമ്പേ പോകുന്ന വാഹനത്തിന്റെ ഇടതു വശത്തു് കൂടി ഓവര്‍റ്റേക്കു് ചെയ്യാവുന്ന സന്ദര്‍ഭങ്ങള്‍

മുമ്പേ പോകുന്ന വണ്ടി വലത്തേക്കു് തിരിയാന്‍ സിഗ്നല്‍ ഇട്ടാല്‍
നാലു വരി ലേന്‍ ട്രാഫിക്കു് ഉള്ള റോഡില്‍

മുമ്പേ പോകുന്ന വണ്ടിയെ വലതു വശത്തു കൂടി ഓവര്‍റ്റേക്കു് ചെയ്യാന്‍ പാടില്ലാത്ത സന്ദര്‍ഭങ്ങള്‍

മുമ്പേ പോകുന്ന വണ്ടി വലത്തോട്ടു് തിരിയാന്‍ സിഗ്നല്‍ തന്നു കഴിഞ്ഞാല്‍
എതിരേ വണ്ടി വരുന്നുണ്ടെങ്കില്‍
റോഡിലെ വളവുകളില്‍
റോഡിലെ കയറ്റം ഇറക്കം
പാലത്തില്‍
വളവുകളില്‍
ജംങ്ഷനുകളില്‍

വാഹനം ഓടിക്കുമ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതു്

കൂടെയുള്ളവരോടു് അമിതമായുള്ള സംസാരം
മൊബൈല്‍ ഫോണ്‍ ഉപയോഗം
മറ്റു വാഹനത്തിലുള്ളവരുമായി സംസാരിച്ചുകൊണ്ടു് വണ്ടി ഓടിക്കുന്നതു്

സഹയാത്രികര്‍ ശ്രദ്ധിക്കേണ്ടതു്

ഓടിക്കുന്ന ആളിന്റെ ശ്രദ്ധതിരിക്കുന്ന അമിതമായ സംസാരം ഒഴിവാക്കുക
വണ്ടിയില്‍ അങ്ങോട്ടുമിങ്ങോട്ടും ആടാതെ ഇരിക്കുക
ഹെല്‍മെറ്റു് ധരിക്കുക
കയ്യും കാലും ഒരിടത്തു് ഉറപ്പിച്ചു വയ്ക്കുക
ഒന്നില്‍ കൂടുതല്‍ സഹയാത്രികരെ ഒഴിവാക്കുക

ഹെല്‍മെറ്റു്

കേടുപാടുകള്‍ ഇല്ലാത്ത ഹെല്‍മെറ്റു് ഉപയോഗിക്കുക.
താടി വരെ മറയുന്ന ഹെല്‍മെറ്റു് ഉപയോഗിക്കുക
ഹെല്‍മെറ്റു് തെറിച്ചു പോകാതിരിക്കുവാന്‍ സ്ട്രാപ്പു് ബന്ധിപ്പിക്കുക
കണ്ണിനുള്ള സംരക്ഷണം ഉപയോഗിക്കുക. ഹെല്‍മെറ്റില്‍ അതില്ലയെങ്കില്‍ കണ്ണട ഉപയോഗിക്കുക

ലെതര്‍ ജാക്കറ്റും, കയ്യുറയും ഉപയോഗിക്കുന്നതു് നല്ലതായിരിക്കും.
ബന്ധവസ്സുള്ള പാദരക്ഷയോ ഷൂസോ ഉപയോഗിക്കുക.
മഴക്കാലത്തു് കുട പിടിക്കരുതു്. പകരം റെയിന്‍കോട്ടു് ധരിക്കുക.

ബൈക്കിന്റെ അവസ്ഥ

റ്റയറിലെ കാറ്റു് ചെക്കു് ചെയ്യുക.
മൊട്ടയായ റ്റയര്‍ ഉപയോഗിക്കരുതു്.
സമയാസമയങ്ങളിലുള്ള പരിചരണം ചെയ്യുക
വണ്ടി വൃത്തിയായി സൂക്ഷിക്കുക.
ബാറ്ററി കൂടെക്കൂടെ പരിശോധിപ്പിക്കുക.

മറ്റു വണ്ടികള്‍

സുരക്ഷിതമായ ദൂരം പാലിക്കുക.
ഡ്രൈവര്‍ക്കു് കാണാവുന്ന നിലയില്‍ മാത്രം വണ്ടി ഓടിക്കുക.


.

No comments:

Post a Comment